Thursday, October 20, 2011

നബി ചരിത്രം - 02. ജനനം




ക്രിസ്താബ്ദം 571 ഏപ്രില്‍ ഇരുപതോ ഇരുപത്തിരണ്ടിനു*, റബീഉല്‍ അവ്വലില്‍ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ പുരുഷന്റെ ജനനം. അത് റബീഉല്‍ അവ്വലിലെ ഏത്‌ തിയ്യതിയിലായിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരല്ല. റബീഉല്‍ അവ്വല്‍ 12 നാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട്, എട്ട്‌, പത്ത്‌, പതിനേഴ്, ഇരുപത്തി രണ്ട് എന്നിങ്ങനെ വ്യത്യസ്ഥ തിയ്യതികളിലാണെന്ന അഭിപ്രായമുള്ളവരുണ്ട് എന്ന് ഇബ്നു കദീര്‍(റ) തന്‍റെ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായഅല്‍ ബിദായ വന്നിഹായ2 / 260ല്‍ രേഖപ്പെടുത്തിയിട്ടുണ്ട് കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയും ഉണ്ട്. ഒരു പക്ഷെ അല്ലാഹുവിന്‍റെ മുന്‍കൂട്ടിയുള്ള ഒരു തീരുമാനമാകാം ജന്മദിനത്തിന്റെ പേരില്‍ ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മതബോധമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവുകയില്ല (കൂടുതല്‍ അല്ലാഹുവിനറിയാം)
നബി(സ്വ)യുടെ ജനനം നടന്നത്, യമനിലെ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത്‌ ഒരു കൂട്ടം ആനകള്‍ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാന്‍ ശ്രമിച്ചു പരാചയപ്പെട്ട സംഭവം നടന്ന അതെ വര്‍ഷമായിരുന്നു പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാര്‍ ആ വര്‍ഷത്തിന്‌ ആനക്കലഹ വര്‍ഷം (ആമുല്‍ ഫീല്‍) എന്നാണു പറഞ്ഞു വന്നിരുന്നത് (ഇവിടെ സൂചിപ്പിക്കപ്പെട്ട കഅബ പൊളിക്കാന്‍ ശ്രമം നടത്തിയവരെ അല്ലാഹു പരിചയപ്പെടുത്തിയ സംഭവം വിശുദ്ധ ഖുര്‍ആനില്‍ 105 ആം അദ്ധ്യായമായ സൂറത്തുല്‍ ഫീലില്‍ വിവരിക്കുന്നുണ്ട്).
_____________________________________________________________________________________________________
* നതാഇജുല്‍ അഫ്ഹാം പുറം 28-35. ഗോള ശാസ്ത്രജ്ഞനായ മഹ്മൂദ് പാഷയുടെ കൃതി. ഏപ്രില്‍ 20 എന്നത് പഴയ കലണ്ടറനുസരിച്ചും 22 എന്നത് പുതിയ കലണ്ടറനുസരിച്ചുമാണ്. വിശദീകരണത്തിന് രഹ്മത്തുന്‍ ലില്‍ ആലമീന്‍ നോക്കുക.
03. ശൈശവം
ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിന്റെ സംരക്ഷണം പിതാമഹനായ അബ്ദുള്‍ മുത്തലിബ് ആയിരുന്നു ഏറ്റെടുത്തത്. പുത്രന്‍ അബ്ദുള്ളയുടെ വേര്‍പാടില്‍ ദു:ഖിതനായിരുന്ന അബ്ദുള്‍ മുത്തലിബ് കുഞ്ഞിനെ അതിരറ്റ ലാളനയില്‍ വളര്‍ത്തുകയും മുഹമ്മദ്‌ എന്ന് പേരിടുകയും ചെയ്തു. നബി(സ്വ)യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനയ്ക്ക് പുറമേ മറ്റു പലര്‍ക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. അവരില്‍ പെട്ടവരാണ് പിതാവില്‍ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമന്‍ (അവരുടെ യഥാര്‍ത്ഥ പേര്‍ ബറക എന്നാണ്) എന്ന അടിമ സ്ത്രീയും, തന്‍റെ പിത്രവ്യനായ അബൂലഹബിന്റെ അടിമയായിരുന്ന ഥുവൈബ:യും. ഇക്കാര്യംബുഖാരിയും, ഇബ്നുകഥീര്‍ അല്ബിദായ:വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയില്‍ വളരുവാനും അതോടൊപ്പം കലര്‍പ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കുവാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണ സ്ത്രീകളെ എല്പ്പിക്കല്‍ അക്കാലഘട്ടത്തില്‍ പതിവായിരുന്നു. പ്രസ്തുത നാട്ടു നടപ്പ് അനുസരിച്ച് ബനുസഅദ് ഗോത്രത്തിലെ സ്ത്രീകള്‍ കുട്ടികളെ ഏറ്റെടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീട്ടില്‍ നിന്നും കുട്ടികളെ ഏറ്റെടുത്ത് തിരിച്ചു പോവുകയും ചെയ്തു.പലരും അബ്ദുള്‍ മുത്തലിബിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദാരിദ്രാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറ്റെടുക്കാതെ മടങ്ങി പ്പോവുകയാണ് ഉണ്ടായത്. എന്നാല്‍ കുട്ടികളെ ഏറ്റെടുക്കാനായി വീട്ടില്‍ നിന്നും ഇറങ്ങി തിരിച്ച ഹലീമ എന്ന സ്ത്രീ മറ്റു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറ്റെടുത്തു. ഇതാകട്ടെ അവരില്‍ ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുവാനും മറ്റു കൂട്ടുകാരികളെയെല്ലാം അസൂയപ്പെടുത്തുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്കു അവരെ എത്തിക്കുകയും ചെയ്തു. പതിവനുസരിച് മുലകുടി പ്രായം കഴിഞ്ഞ കുട്ടിയെ മാതാവിനെ തിരിചെല്‍പ്പിക്കുവാനായി കൊണ്ടുചെന്നെങ്കിലും തങ്ങളുടെ അതീവ താല്പര്യം അനുസരിച്ച് മാതാവിന്റെ സമ്മതപ്രകാരം കുറച്ചു കാലം കൂടി തങ്ങള്‍ക്കു നഷ്ട്ടപ്പെടുമെന്നു കരുതിയ ആകാലം അവര്‍ക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവര്‍ കുഞ്ഞിനേയും കൊണ്ട്‌ വീട്ടിലേക്കു മടങ്ങി.
ഈ കാലഘട്ടത്തില്‍ മുലകുടിയിലുള്ള തന്‍റെ സഹോദരങ്ങളുമോത്ത് ആടുകളെ മേയ്ക്കാന്പോവുക പ്രവാചകന്റെ പതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ ആടുകളെ മേയ്ക്കുന്നതിനിടയില്‍, വെളുത്ത വസ്ത്രം ധരിച്ച്‌ മനുഷ്യ രൂപത്തില്‍ ജിബ്രീല്‍ എന്ന മാലാഖ നബിയുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ച് മലര്ത്തികിടത്തി ശേഷം അവിടുത്തെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്തു അതില്‍ നിന്നും പൈശാചികം എന്ന് പറഞ്ഞ് ഒരു രക്തപിണ്ടം എടുത്ത് കളഞ്ഞ ശേഷം ഹൃദയം ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ചു സംസം വെള്ളംകൊണ്ട് കഴുകിയ ശേഷം തലസ്ഥാനത്ത് വെച്ച് പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്ലിം1 /92) ഈസംഭവം കൂട്ടുകാരായി തന്നോടൊപ്പം ഉണ്ടായിരുന്ന കുട്ടികളെയും ഹലീമയെയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിചെല്‍പ്പിക്കുകയും ചെയ്തു; അന്ന് അദ്ദേഹത്തിനു ആറ് വയസ്സായിരുന്നു പ്രായം.

0 comments: